പത്തനംതിട്ട: ജില്ലയിലെ ഗവി മീനാർ മേഖലയിൽ അംഗനവാടി ജീവനക്കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗം എന്നാണ് സംശയം.
ഇന്ന് രാവിലെയാണ് നാട്ടുകാർ റോഡിൽ നിന്ന് മാറിയുള്ള പ്രദേശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന സംശയം ഉയർന്നിരിക്കുന്നത്. എന്നാൽ, ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൂഴിയാർ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
യുവതി സംഭവസ്ഥലത്ത് എത്തിയത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിക്കുന്നതോടെ മരണത്തിന്റെ യഥാർഥ കാരണത്തിലും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.