ന്യൂയോര്‍ക്ക്: ലോകകപ്പില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന സെനഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ ഇപ്പോള്‍ അലട്ടുന്നത് കളിക്കളത്തിലെ പ്രകടനം മാത്രമല്ല. സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ അനാസ്ഥയും ടീമിന്റെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് പരിശീലകരുടെയും താരങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സാമ്പത്തിക ബാധ്യതകള്‍ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ലെന്ന വിവരങ്ങള്‍ ശ്രദ്ധ നേടുന്നത്.
ടീമിന്റെ മുഖ്യപരിശീലകന്‍ പാപ് തയേവിന് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ കാലാവധി അവസാനിച്ചിട്ടും പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും സെനഗല്‍ ഫുട്‌ബോള്‍ സംവിധാനത്തിലെ പ്രതിസന്ധിയെ കൂടുതല്‍ തുറന്നുകാട്ടുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ലോകകപ്പ് യോഗ്യതാ നേട്ടവുമായി ബന്ധപ്പെട്ടും വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലങ്ങള്‍ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അമേരിക്കയില്‍ ടീമിന് ഒരുക്കിയ താമസസൗകര്യങ്ങളെച്ചൊല്ലിയും അസംതൃപ്തിയുണ്ട്. ലോകകപ്പ് നിലവാരത്തിന് യോജിച്ച സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹോട്ടലിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ടീമിനുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതായാണ് വിവരം.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ടീമിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പാചകക്കാരനെ ഒഴിവാക്കിയതും മറ്റൊരു തിരിച്ചടിയായി. ഇതോടെ താരങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റമുണ്ടായതായും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാനസികവും സാങ്കേതികവുമായ പിന്തുണ ആവശ്യമായ ലോകകപ്പ് പോലൊരു വേദിയില്‍ ഭരണപരമായ ഈ വെല്ലുവിളികള്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സാദിയോ മാനെ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പ്രകടനത്തിലും ഇത്തരം സാഹചര്യങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന ചര്‍ച്ചകളും സജീവമാണ്.
മത്സരഫലങ്ങളിലും സെനഗലിന് ഇതുവരെ ആശ്വാസമില്ല. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട അവര്‍, രണ്ടാം പോരാട്ടത്തില്‍ നോര്‍വേയോടും തോല്‍വി വഴങ്ങി. ഇനി ഇറാഖിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാലും മറ്റ് ഫലങ്ങളെ ആശ്രയിച്ചായിരിക്കും അവരുടെ ലോകകപ്പ് ഭാവി നിര്‍ണയിക്കപ്പെടുക.















