തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷനിലുള്ള (പി.എസ്.സി) ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കമ്മീഷന്‍ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സിയില്‍ നടന്ന എല്ലാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ ഇടത്-വലത് നേതാക്കള്‍ കേരളത്തിലെ പി.എസ്.സി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ഇരുകൂട്ടരും അവഗണിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പി.എസ്.സിയെ സിപിഎം സമ്പൂര്‍ണമായി തകര്‍ത്തുവെന്ന് ആരോപിച്ച കൃഷ്ണദാസ്, സഹകരണ സ്ഥാപനങ്ങളില്‍ നടത്തിയതുപോലെ പി.എസ്.സിയിലും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളുടെ ബന്ധുക്കളെയും നിയമവിരുദ്ധമായി നിയമിച്ചുവെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുമ്പ് പി.എസ്.സി ക്രമക്കേടുകള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായി സംസാരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള ‘അന്തര്‍ധാര’ ഇപ്പോഴും തുടരുകയാണെന്നും കൃഷ്ണദാസ് വിമര്‍ശിച്ചു.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ക്രമക്കേടുകള്‍ മാത്രമാണെന്നും, അത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ സാമ്പത്തിക ഇടപാടുകള്‍ സിപിഎമ്മും ഡി.വൈ.എഫ്.ഐയും നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൃഷ്ണദാസ്, കഴിഞ്ഞ പത്ത് വര്‍ഷത്തെ മുഴുവന്‍ നിയമനങ്ങളും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.