കൊച്ചി: ഓർമ്മകളുടെ വേരറ്റുപോയ ഒരു മനുഷ്യൻ. ജീവിച്ചിരിക്കുന്നവരുടെ ചോദ്യങ്ങളിൽ നിന്ന് അകന്ന് മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം കണ്ടെത്തിയ ജീവിതം. കല്ലറകൾ വെട്ടി, ശവക്കല്ലറകൾക്ക് കാവലാളായി മാറിയ പീലിയുടെ അസാധാരണ ജീവിതകഥ പറയുന്ന ചിത്രം ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു.
മാലേരിക്ക പള്ളിയിലെ പെരുന്നാൾ കൊടിയിറങ്ങുന്ന നാളിലാണ് പീലിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം അരങ്ങേറുന്നത്. തടാകം കവർന്നത് ഒരു വഞ്ചിയെ മാത്രമായിരുന്നില്ല. അതിനൊപ്പം ഒരു മനുഷ്യന്റെ ഭൂതകാലവും ഓർമ്മകളും നഷ്ടമാകുന്നു. മീൻപിടുത്തക്കാർ അയാളെ കരയ്ക്കെത്തിക്കുമ്പോൾ കൈകളിലെന്ന പോലെ ഓർമ്മകളിലും അയാൾ ശൂന്യനായിരുന്നു.
പിന്നീട് വർഷങ്ങൾ കടന്നുപോകുന്നു. ജീവിച്ചിരിക്കുന്നവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ, ചോദ്യങ്ങളില്ലാത്ത സെമിത്തേരിയുടെ നിശ്ശബ്ദതയിൽ അയാൾ സ്വന്തം ജീവിതം ക്രമപ്പെടുത്തുന്നു. കല്ലറകൾ വെട്ടിയും ശവക്കല്ലറകൾക്ക് കാവലാളായും കഴിയുന്ന ആ മനുഷ്യന് ഒടുവിൽ ആത്മാക്കൾ ഒരു പേര് നൽകുന്നു — ‘പീലി’.
എന്നാൽ പീലിയുടെ ജീവിതത്തിലെ നിശ്ശബ്ദതയെ തകർക്കുന്നത് ദൈവഭവനത്തിൽ നടക്കുന്ന ഒരു മോഷണമാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്ന് അകന്നോടിയ മനുഷ്യൻ മരിച്ചവരുടെ ലോകത്ത് അഭയം തേടിയെത്തിയതിനു പിന്നിലെ കഥ എന്താണ്? തടാകത്തിൽ നഷ്ടമായത് എന്തായിരുന്നു? ഓർമ്മകൾ നഷ്ടപ്പെട്ട പീലിയുടെ ഭൂതകാലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ്? ഈ ചോദ്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
പീലിയുടെ ജീവിതത്തിൽ കുറിക്കപ്പെട്ട ഏടുകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ സനിൽ പേക്കൽ അവതരിപ്പിക്കുന്നു. ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ലോറി, സിന്ധു ജോസ്, വിജു സി. പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ. അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് ജോസ് ആന്റണി കുരീപ്പുഴയാണ്. സനിൽകുമാർ എസ്. ആണ് നിർമ്മാണം. രാമചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സന്ദീപ് ശ്രീജുവാണ് എഡിറ്റിംഗ്.
ജോസ് ആന്റണി കുരീപ്പുഴയാണ് ഗാനരചന. കൃപാൽ സംഗീത സംവിധാനവും ആലാപനവും നിർവഹിക്കുന്നു. അജയ് സരിഗമയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗിരീഷ് ഗോപിനാഥ്. ചമയം രതീഷ് രവി. വസ്ത്രാലങ്കാരം ജാനുവരി ജോസ്.
സൗണ്ട് ഡിസൈനും മിക്സിംഗും ആനന്ദ് ബാബു നിർവഹിക്കുന്നു. ഡി.ഐ. കളറിസ്റ്റ് വിജയകുമാർ. സ്പോട്ട് എഡിറ്റർ സുനിൽ എം.കെ. എ.ഐ. വീഡിയോ പ്രശോബ് കുമാർ. ലൊക്കേഷൻ കോർഡിനേറ്റർ ജോസ് ആലപ്പാടൻ. സ്റ്റിൽസ് ജോസ് ഡീ ജെ. ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിലാണ്.
ഓർമ്മയും മറവിയും, ജീവിതവും മരണവും, മനുഷ്യനും ആത്മലോകവും തമ്മിലുള്ള അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്തമായ പ്രമേയമാണ് ‘കല്ലറ ലിഖിതങ്ങൾ’ മുന്നോട്ടുവയ്ക്കുന്നത്. പീലിയുടെ ജീവിതത്തിലെ മറഞ്ഞുപോയ ഏടുകൾ പ്രേക്ഷകർക്ക് മുന്നിൽ തുറക്കാൻ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.















