ഇസ്ലാമാബാദ്: പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ തീവ്രവാദ സംഘങ്ങളുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. തെളിവുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവേ ലണ്ടനിലായിരുന്നു ഷെരീഫിന്റെ പ്രതികരണം.
സ്വന്തം മണ്ണിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷെരീഫിന്റെ പ്രതികരണം. പഠാന്‍കോട്ട് ആക്രമണത്തിലെ പാക് സാന്നിദ്ധ്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും ഇവര്‍ ഇന്ത്യ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുമെന്നും ഷെരീഫ് ആവര്‍ത്തിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഇന്ത്യക്ക് നല്‍കിയ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുന്നതാണ് നവാസ് ഷെരീഫിന്റെ പ്രസ്താവന.
ഇന്ത്യ നല്‍കിയ പുതിയ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. കേസില്‍ നിര്‍ണ്ണായക പുരോഗതി കൈവരിച്ചാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തും. ആക്രമണം ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ഉറപ്പ് പാകിസ്ഥാന്‍ നിറവേറ്റുമെന്നും ഷെരീഫ് അറിയിച്ചു.