Columns

ഗുജറാത്തിൽ ബിജെപി തോൽക്കുമോ ?

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റില്‍ 100ന്‌ മുകളില്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന്‌ സകലമാന രാഷ്ട്രീയ വിശാരദന്‍മാര്‍ക്കും അറിയാം.

അതായത്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം. പുറത്ത്‌ വന്ന ഒപ്പിനിയൻ പോളുകള്‍ ഒന്നൊഴിയാതെ പറയുന്നതും അത്‌ തന്നെയാണ്‌. മാത്രമല്ല ചില വ്യക്തികളും കുറച്ച്‌ ആള്‍ക്കൂട്ടവും ഒഴികെ എടുത്തു പറയത്തക്ക കരുത്തരായ പ്രതിപക്ഷം ഗുജറാത്തില്‍ മരുന്നിന്‌ പോലും ഇല്ലതാനും. പിന്നെങ്ങനെ ഗുജറാത്തില്‍ കടുത്ത മത്സരം നടക്കുന്നു. ബിജെപിയുടെ സാധ്യത എത്രത്തോളമാണ്‌. ജയിക്കുമോ, ജയിച്ചാല്‍ തന്നെ എത്ര സീറ്റ്‌ ലഭിക്കും, മത്സരം കടുക്കുകയാണ്‌ തുടങ്ങിയ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വരുന്നു. ആരാണ്‌ അതിന്‌ പിന്നില്‍. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഇതിന്‌ പിന്നിലുണ്ടോ. സത്യം എന്താണ്‌. സംശയം നിറഞ്ഞ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ കിടന്ന്‌ കളിക്കുകയാണ്‌.

അതെ ഈ സംശയം ജനിപ്പിക്കല്‍ ഒരു ഗൂഢാലോചന തന്നെയാണ്‌. പതിയിരുന്ന്‌, ദേശീയ ശക്തികളുടെ ഓരോ നീക്കവും അളന്ന്‌ കുറിച്ച്‌ കരുത്തരായ ഒരു കൂട്ടം നടത്തുന്ന ചുവട്‌ പിഴയ്‌ക്കാത്ത ഗൂഢാലോചന. അതിന്റെ ഫലം കണ്ടു എന്നതിന്റെ സൂചനയാണ്‌ ഹിന്ദുത്വ പരീക്ഷണശാലയെന്ന്‌ എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന ഗുജറാത്തില്‍ ബിജെപിയുടെ സാധ്യതകളെപ്പറ്റി ഒരു ആശങ്ക സൃഷ്ടിക്കാന്‍ സാധിച്ചത്‌. ആര്‌, എന്തിന്‌, എങ്ങനെ, എവിടെ വച്ച്‌ തന്ത്രങ്ങള്‍ മെനയുന്നു. ആ ചോദ്യം എത്തി നില്‍ക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ബിജെപി വിരുദ്ധ കൂട്ടായ്‌മയിലും കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്ന വിദേശ സ്‌ട്രാറ്റജിക്‌ ഏജന്‍സിയിലുമാണ്‌.

നരേന്ദ്രമോദി എന്നത്‌ കോണ്‍ഗ്രസ്സിനെ, ദേശവിരുദ്ധ ശക്തികളെ ഭയപ്പെടുത്തുന്ന ഉറക്കം നഷ്ടപ്പെടുത്തുന്ന പേരാണ്‌. കഴിഞ്ഞു പോയ മൂന്ന്‌ വര്‍ഷം കിട്ടയ തിരിച്ചടി അവരെ സംബന്ധിച്ച്‌ താങ്ങാവുന്നതിലും അധികവും. ഇതില്ലാതാക്കാനുള്ള ഏക മാര്‍ഗ്ഗം മോദി ഇല്ലാതാവുക എന്നുള്ളതാണ്‌. അതിന്‌ പറ്റിയ സ്ഥലം ഗുജറാത്ത്‌ തന്നെയാണ്‌. മോദി കൊണ്ടും കൊടുത്തും പയറ്റിത്തെളിഞ്ഞ, ഇന്നും കാലുറപ്പിച്ച്‌ ചവിട്ടിയിരിക്കുന്ന സ്വന്തം തട്ടകം. സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ഇതിലും പറ്റിയ സമയം വേറെ ഇല്ല. സിംഹത്തെ മടയില്‍ ചെന്ന്‌ നേരിടുക.

ജനാധിപത്യ പ്രക്രിയയിലൂടെ ബിജെപിയെ ഗുജറാത്തില്‍ തറപറ്റിക്കാനാകില്ലെന്ന്‌ ഇക്കൂട്ടര്‍ക്കറിയാം. മോദിയെന്ന പേര്‌ കുറഞ്ഞത്‌ 10 കൊല്ലത്തേക്കെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യമായി തുടരുകയും ചെയ്യും. 2019ല്‍ രാഹുലെന്ന പുതിയ അദ്ധ്യക്ഷന്റെ കരുത്തില്‍ ഒരു സര്‍പ്രൈസ്‌ അറ്റാക്ക്‌ ദേശീയ തലത്തില്‍ മോദി ബ്രിഗേഡിന്‌ നല്‍കാന്‍ തക്ക പ്രാപ്‌തി കോണ്‍ഗ്രസ്സിന്‌ പോയിട്ട്‌ മുള്ള്‌ മുരിക്ക്‌ മൂര്‍ഖന്‍ പാമ്പ്‌ വരെയുള്ള പ്രതിപക്ഷം ഒന്നാകെ ചേര്‍ന്നാല്‍ പോലും കിട്ടുകയുമില്ല. പിന്നെ മുന്നിലുള്ള ഏക വഴി മോദിക്കെതിരെ മുന്‍കൂട്ടി കളത്തിലിറങ്ങുക എന്നതാണ്‌. അത്‌ ഗുജറാത്തില്‍ നിന്ന്‌ തന്നെ ആയത്‌ കണക്ക്‌കൂട്ടി തന്നെ.

രാഷ്ട്രീയമായി വിലയിരുത്തിയാല്‍ ഗുജറാത്ത്‌ മോദിയുടെ മാത്രമല്ല ബിജെപിയുടെ കൂടി അഭിമാന പ്രശ്‌നമാണ്‌. അവിടെ നേരിടുന്ന ഓരോ തിരിച്ചടിയും 2019ലെ സാധ്യതകളെ ബാധിക്കും. പ്രതിപക്ഷത്തിന്‌ കൂടുതല്‍ കരുത്ത്‌ നല്‍കും. അതിനാല്‍ അറിയാവുന്ന സകല കളികളും മോദിയും കൂട്ടരും ഗുജറാത്തില്‍ കളിക്കുമെന്ന്‌ അറിയാതെയല്ല കോണ്‍ഗ്രസ്സിന്റെ കൈവിട്ട കളി. മറിച്ച്‌ കോണ്‍ഗ്രസ്സിനിത്‌ കിരീടധാരണം നടത്തപ്പെട്ട രാജകുമാരന്റെ ഭാവി നിര്‍ണയിക്കപ്പെടുന്ന ചൂതാട്ടമാണ്‌.

2019ല്‍ എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുണ്ടോ എന്ന ലിറ്റമസ്‌ ടെസ്‌റ്റാണ്‌. എല്ലാത്തിലുമുപരി ഒരുകാലത്ത്‌ മഹാരഥന്‍മാര്‍ നയിച്ച പ്രസ്ഥാനം തന്റെ വരവോടെ മാലോകര്‍ക്ക്‌ പറഞ്ഞ്‌ ചിരിക്കാനുള്ള വകുപ്പായി മാറാതെ സംരക്ഷിക്കലാണ്‌. തോല്‍ക്കുമെന്നതില്‍ കോണ്‍ഗ്രസ്സിലെ ന്യൂജെന്‍ നേതാക്കള്‍ക്ക്‌ പോലും രണ്ട്‌ തരമില്ല. പക്ഷേ കുറഞ്ഞ പക്ഷം ഒരു സംസ്ഥാനത്തെങ്കിലും തെരഞ്ഞെടുപ്പ്‌ നയിക്കാനുള്ള ശേഷിയുണ്ടെന്ന്‌ രാഹുല്‍ജിക്ക്‌ സ്വയം തെളിയിക്കണം. തന്റെ സാന്നിദ്ധ്യം പോലും തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ കാരണമാകുമെന്ന്‌ പറഞ്ഞ പാര്‍ട്ടിയിലെ തന്നെ നേതാക്കള്‍ക്ക്‌ എളിയ തോതിലെങ്കിലും ഒരു മറുപടി നല്‍കണം. അത്രമാത്രം.

പക്ഷേ രാഷ്ട്രീയ അതിജീവനത്തിനായി ഒരു കുടുംബം നടത്തുന്ന വിഫല ശ്രമങ്ങള്‍ രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്ന്‌ പറയാതെ വയ്യ. ചൈനയുമായി രഹസ്യ ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധിയുടെ ചുവട്‌ പിന്‍പറ്റി തല നരച്ച പടക്കുതിരകള്‍ ഇരുട്ട്‌ വാക്കിന്‌ പാകിസ്ഥാനെന്ന രാഷ്ട്രീയ വേശ്യയെ അത്താഴത്തിന്‌ ക്ഷണിച്ച വാര്‍ത്തയും പുറത്ത്‌ വന്നു. ഇതിനെല്ലാം അപ്പുറമാണ്‌ രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളിലെ ദുരൂഹതയും കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ സ്‌ട്രാറ്റജിസ്റ്റ്‌ കമ്പനിയുമായുള്ള കരാറും.

അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ്‌ ട്രംപിനായി പ്രചാരണം നയിച്ച ഗ്രൂപ്പാണ്‌ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്ന്‌ കൂടിയറിയുമ്പോള്‍ കരുതല്‍ കൂടുതല്‍ വേണം. കാരണം കോടികള്‍ വാങ്ങി മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനും, ചായക്കട ചര്‍ച്ചകളെ പോലും സ്വാധീനിക്കാനും കഴിവുള്ളവരാണ്‌ ഇവര്‍ എന്നത്‌ തന്നെ. സമസ്‌ത പ്രതിപക്ഷവും, അയല്‍ ശത്രു രാജ്യങ്ങളും, കോര്‍പ്പറേറ്റ്‌ ഏജന്‍സിയുടെ ഇടപെടലും ഗുജറാത്തല്ല മറിച്ച്‌ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഗുജറാത്തിന്‌ പുറത്തുള്ള ബിജെപിക്കാര്‍‌ക്കുള്ളൂ.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close