ചണ്ഡീഗഡ്: കൊറോണ ഭീതിക്കിടയിലും റാബി വിളകള്‍ക്ക് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനും മാതൃകയാകുന്നു. വിളകള്‍ കൊയ്ത് മാര്ക്കറ്റുകളിലെത്തിക്കുന്നതിനാണ് അനുമതി. സംസ്ഥാനത്ത് കര്‍ഷകകൂട്ടായ്മകളെ പാസ്സുകള്‍ നല്‍കിയാണ് സജ്ജരാക്കിയിരിക്കുന്നത്.
ഒരോ കര്‍ഷകരുടേയും ഭൂമിയുടെ വലുപ്പവും കൃഷിയുടെ തോതും അനുസരിച്ചുള്ള സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഒരു ദിവസം 13 മണിക്കൂര്‍ വരെ കൃഷിസ്ഥലത്ത് ചിലവഴിക്കാനാണ് നിലവില്‍ അനുമതി. കൂട്ടുകൃഷി സംഘങ്ങള്‍ക്കാണ് അനുമതിയുള്ളത്. സാധനങ്ങള്‍ തൊട്ടടുത്ത സംഭരണ കേന്ദ്രത്തില്‍ സ്വന്തം പാസ്സുകള്‍ ഉപയോഗിച്ച് എത്തിക്കാനും കിട്ടാനുള്ള തുക മനസ്സിലാക്കാനും സാധിക്കുന്ന തരത്തിലാണ് കൃഷിവകുപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പഞ്ചാബില്‍ ഈ വര്‍ഷം 35 ലക്ഷം ഹെക്ടറുകളിലായി 170 ലക്ഷം ടണ്‍ ഗോതമ്പാണ് വിളഞ്ഞിരിക്കുന്നത്. ഇതില്‍ 130 ലക്ഷവും കേന്ദ്രപൊതു സംഭരണത്തിലേക്ക് മാറും. സംസ്ഥാനത്തെ 1820 സംഭരണ കേന്ദ്രം കൂടാതെ 2000 ഗോതമ്പ് മില്ലുകള്‍ക്ക് നേരിട്ട് ധാന്യങ്ങള്‍ വില്‍ക്കാനും കര്ഷകന് അനുമതിയുണ്ട്.
ഒരു കര്ഷകന് ഒരു പാസ്സില്‍ 50 ക്വിന്റല്‍ ഗോതമ്പാണ് കൊണ്ടുപോകാന്‍ കഴിയുക. ഒരു ഏക്കറില്‍ നിന്നും 20 ക്വിന്റ്വല് ഗോതമ്പ് വിളയിക്കാനാകും എന്നതാണ് ശരാശരി കണക്ക്. അതുപ്രകാരം ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നോ 2.5 ഏക്കര്‍ ഭൂമിയില്‍ നിന്നോ പരമാവധി 50 ക്വിന്റ്വല് ഒരു ദിവസം ഒറ്റ യാത്രയില്‍ മാറ്റാനാകും. ആകെ 26 ലക്ഷം ട്രോളികളില്‍ ഉള്‍ക്കൊള്ളുന്നത്ര ഗോതമ്പാണ് ആകെ ശേഖരിക്കാനുള്ളത്. പണിക്കുള്ള തൊഴിലാളികള്‍, കൃഷിയിടത്തിന്റെ ഉടമസ്ഥര്‍, വാഹനം ഓടിക്കുന്നവര്‍ എന്നിവരുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനവും അതാത് പാടശേഖരത്തില്‍ ഒരുക്കിക്കഴിഞ്ഞു.