റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി പ്രാദേശിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രകാശ് യാദവാണ് കൊല്ലപ്പെട്ടത്. ജംഷഡ്പൂരില്‍ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു യാദവ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമികള്‍ യാദവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
അടുത്തിടെ പ്രദേശത്തെ പ്രധാന ഭൂമാഫിയയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യാദവിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. കൊലപാതകത്തില്‍ ഭൂമാഫിയക്ക് പങ്കുള്ളതായാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലെ അംഗമായിരുന്ന യാദവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം യാദവിന്റെ മരണത്തില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘ്ബര് ദാസ് അനുശോചനം രേഖപ്പെടുത്തി. 48 മണിക്കൂറിനകം പ്രതികളെ പിടികൂടാനാണ് മുഖ്യമന്ത്രി ഹേമന്ത് സോറന് പോലീസുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.