മുംബൈ : പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ. സാക്കിർ എന്ന ഭീകരനെയാണ് മുംബൈ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുംബൈയിലെ ജോഗേഷ്വാരിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു.
കേസിൽ നേരത്തെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാക്കിറിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ സാക്കിർ മുംബൈയിലുള്ളതായി പ്രതികളിലൊരാളായ സമീർ കാലിയ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
സമീർ കാലിയയോട് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മുംബൈയിൽ എത്തിക്കാൻ സാക്കിർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സംഘത്തെ ഡൽഹി പോലീസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്നും കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Comments