തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണത്തിൽ ധാരണയായി. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി ഉയർത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. 2022 ജനുവരി മുതലാണ് പുതുക്കിയ ശമ്പളം നൽകി തുടങ്ങുക എന്ന് മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമാക്കി. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകുമെന്ന് മന്ത്രി അറിയിച്ചു.
കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും. ഇതോടൊപ്പം 45 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക് 5 വർഷം വരെ പകുതി ശമ്പളത്തോടെ അവധി നൽകാനും പദ്ധതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും. ഇതിനുശേഷം കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments