ഇടുക്കി : ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ പോപ്പുലർഫ്രണ്ടിന് ചോർത്തി നൽകിയ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ പി.കെ അനസിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. അനസിന്റ് തൊടുപുഴ വണ്ണപുറത്തെ വീട്ടിലേയ്ക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
അനസിനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ ക്രമം അനുസരിച്ച് സെക്ഷൻ 124 (എ) പ്രകാരം അനസിനെതിരെ നടപടി സ്വീകരിക്കണം. എസ്ഡിപിഐയുടെ ബി ടീമാണ് ഇപ്പോൾ പോലീസ്. ഇതിന് മുഖ്യമന്ത്രി ഒത്താശ്ശ ചെയ്യുന്നു. ഭീകരർക്ക് അച്ചാരം കൊടുത്തുകൊണ്ടുള്ള ഭരണമാണ് പിണറായി സർക്കാരിന്റേതെന്നും രാധാകൃഷ്ണൻ വിമർശിച്ചു.
സംഭവത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറണം. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. പോലീസ് സാധാരണക്കാരുടെ വീടുകളിൽ കയറി ഇറങ്ങുന്ന അവസ്ഥ ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനസിനെ സർവ്വീസിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ശക്തമായ സമരമുറയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments