ന്യൂഡൽഹി: യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാർകീവിൽ ഒരു ഇന്ത്യക്കാരും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഖാർകീവിലുള്ള എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളേയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഖാർകീവ്, പിസോചിൻ എന്നിവിടങ്ങളിൽ നിന്ന് അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ എല്ലാവരേയും പുറത്ത് കടത്താൻ കഴിയും. അതോടെ ഖാർകീവിൽ ഇനി ആരും അവശേഷിക്കില്ല. ഇപ്പോൾ പ്രധാന ശ്രദ്ധ സുമിയിലാണ്. സുമിയിലെ ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതാകും ഏറ്റവും നല്ലമാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു,.
ഓപ്പറേഷൻ ഗംഗവഴി ഒരു നേപ്പാൾ സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയും ഇന്ന് ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. 20,000ത്തിലധികം ഇന്ത്യക്കാർ യുക്രെയ്ൻ അതിർത്തി കടന്നിട്ടുണ്ട്. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങൾ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments