ഗോരഖ്പൂർ : യുദ്ധഭൂമിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ , ഓപ്പറേഷൻ ഗംഗ വഴി രാജ്യത്ത് തിരികെയെത്തിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് യോഗി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചത്. യുക്രെയിനിൽ നിന്ന് യുപി സ്വദേശികളായ 2,290 വിദ്യാർത്ഥികളിൽ 2,078 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി യോഗി ആദിത്യനാഥ് അറിയിച്ചു.
ഒറ്റപ്പെട്ടുപോയ 74 വിദ്യാർത്ഥികൾ ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും, അവരിൽ 70 പേർ യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മറ്റ് നാല് വിദ്യാർത്ഥികളെയും ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും നടന്നുവരികയാണ്. അവർ ഉടൻ മടങ്ങിയെത്തും,” ആദിത്യനാഥ് പറഞ്ഞു.
“യുക്രെയ്നിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായ ഉടൻ തന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നു. സാധ്യമായ എല്ലാ സൗകര്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. ഇത് ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ ഫലമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Comments