തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ശശി തരൂർ എംപി. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതായി അറിയില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് നേതൃത്വത്തെ കുഴപ്പിച്ചിരിക്കുന്നത്. വിലക്ക് ഏർപ്പെടുത്തിയതായി കെ. സുധാകരൻ മാദ്ധ്യമങ്ങളോട് വിശദീകരിച്ച ശേഷം തരൂർ നടത്തി പ്രതികരണം ശരിയായില്ലെന്ന നിലപാടിലാണ് നേതൃത്വം.
പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ പരിപാടിയിൽ പങ്കെടുത്താൽ കെപിസിസി ഹൈക്കമാൻഡിനെ സമീപിച്ചേക്കും. ശശി തരൂരിനേയും കെവി തോമസിനേയുമാണ് സെമിനാറിലേക്ക് സിപിഎം ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. ഇതോടെയാണ് നേതാക്കൾ പങ്കെടുക്കുന്നത് കോൺഗ്രസ് വിലക്കിയത്. എന്നാൽ ഇത് താനറിഞ്ഞില്ലെന്ന് ശശി തരൂർ പ്രതികരിക്കുകയും ചെയ്തു.
ജനാധിപത്യത്തിന്റെ വിരുദ്ധ ചേരികളിൽ ഉള്ളവർ ചർച്ച നടത്തണമെന്നും തരൂർ പ്രതികരിച്ചു. തരൂരിന്റെ നീക്കത്തിൽ കോൺഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ശശി തരൂർ കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്. നേരത്തെ കെ-റെയിലിനെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പ് വെച്ചിരുന്നില്ല. പിന്നീട് പാർട്ടിയ്ക്കൊപ്പമെന്ന് വിശദീകരിച്ച് ശശി തൂരർ വിവാദത്തിൽ നിന്നും തലയൂരുകയായിരുന്നു.
Comments