മുംബൈ: തകർന്നടിയുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് ഉപദേശം നൽകി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പ്രാദേശിക പാർട്ടികൾ പ്രതിപക്ഷ പദവി കയ്യേറാതിരിക്കാൻ രാജ്യത്ത് കോൺഗ്രസ് ശക്തിപ്പെടേണ്ടതാണെന്നും പ്രാദേശിക കക്ഷികൾ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് നല്ല സൂചനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. നിരന്തര തോൽവികൾ കൊണ്ട് തകർന്ന കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടത് തന്റെ ആത്മാർത്ഥമായ ആഗ്രഹമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ജനാധിപത്യം രണ്ട് ചക്രത്തിലാണ് മുന്നോട്ടു പോകുന്നത്. ഒന്ന ഭരണകക്ഷിയും മറ്റൊന്ന് പ്രതിപക്ഷവും.ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ആവശ്യമാണ്.അത് കൊണ്ട് തന്നെ കോൺഗ്രസ് ശക്തിപ്പെടണമെന്നത് തന്റെ ആത്മാർത്ഥമായ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.മറാത്തി പത്രമായ ലോക്മതിന്റെ മാദ്ധ്യമ പുരസ്ക്കാര ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തരവേളയിലാണ് കേന്ദ്രമന്ത്രിയുടെ ഈ പരാമർശം.
തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ ഹൃദയം തകരാതെ പാർട്ടിയ്ക്കൊപ്പം നിൽക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാവണം.പരാജയത്തിൽ നിരാശരാവാതെ പ്രവർത്തനം തുടരണം. ഇപ്പോൾ തോൽവിയാണെങ്കിൽ ജയവുമുണ്ടാകും.പാർലമെന്റിലെ രണ്ട് സീറ്റിൽ നിന്നാണ് പാർട്ടി പ്രവർത്തകരുടെ അദ്ധ്വാനം കൊണ്ട് ബിജെപിക്കൊരു പ്രധാനമന്ത്രിയുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments