കൊച്ചി: നടി മഞ്ജുവാര്യരുടെ പാരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കൊച്ചി എളമക്കര പോലീസിന്റെ നടപടി.
തുടർച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ പറയുന്നു. കുറെകാലമായി തുടർന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് താൻ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണന്നും അവർ ചിലരുടെ തടങ്കലിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ഉള്ളവർക്ക് ഭീഷണിയുണ്ടന്നും സനൽകുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു പരാതി നൽകിയിരിക്കുന്നത്.















