ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ അപകടത്തിൽ പെട്ട സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. മേജർ രഘുനാഥ് അഹ്ലാവത്(34) ആണ് മരിച്ചത്. ഉറി സെക്ടറിൽ ഭീകരർക്കെതിരെ പ്രത്യാക്രമണം നടത്തിയ സംഘത്തിനെ നയിച്ചത് മേജർ രഘുനാഥ് ആയിരുന്നു. ഇതിനിടെയാണ് മലയിടുക്കിൽ നിന്ന് കാൽ വഴുതിവീണ് അപകടം സംഭവിച്ചത്.
ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന സ്ഥലത്തെത്തിയത്. സൈന്യത്തിന് സുരക്ഷിത സ്ഥലം തേടാൻ വേണ്ടിയുള്ള റൂട്ട് കണ്ടെത്താനാണ് കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ അദ്ദേഹം നടന്നത്. മോശം കാലാവസ്ഥയും പാറക്കെട്ടുകളിലെ വഴുക്കലും കാരണം അദ്ദേഹം കാല് വഴുതി 60 മീറ്റർ താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ സൈനിക ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
ഡൽഹിയിലെ ദ്വാരക സ്വദേശിയായ മേജർ 2012 ലാണ് ഇന്ത്യൻ സൈന്യത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹം അന്തിമ ചടങ്ങുകൾക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
Comments