ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി മൊബൈൽ ഇന്റർനെറ്റ് സേവന ദാതാക്കൾ. 5ജി സേവനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിനായി എയർടെൽ, ജിയോ എന്നീ കമ്പനികൾ വിദേശ കമ്പനികളുമായി കരാറിലെത്തി എന്നാണ് വിവരം. ചൈനീസ് കമ്പനികളെ പാടേ ഒഴിവാക്കിയാണ് ഇന്ത്യൻ കമ്പനികൾ 5ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുന്നത്.
ഫിൻലാൻഡ് കമ്പനിയായ നോക്കിയ, സ്വീഡിഷ് കമ്പനിയായ എറിക്സൺ, കൊറിയൻ കമ്പനിയായ സാംസംഗ് എന്നിവരുമായാണ് ഭാരതി എയർടെല്ലും റിലയൻസ് ജിയോ ഇൻഫോകോമും കരാറിൽ എത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളായ ഹ്വാവേ, സെഡ് ടി ഇ എന്നിവയ്‌ക്ക് ഇന്ത്യൻ കമ്പനികൾ യാതൊരു പരിഗണനയും നൽകിയില്ല.
സ്പെക്ട്രം ലേലം ഏകദേശം പൂർത്തിയാകാറായ സാഹചര്യത്തിൽ, വോഡഫോൺ- ഐഡിയയും ഉപകരണങ്ങൾ വാങ്ങാനുള്ള കരാറുകൾ ഉടൻ ഒപ്പിടും എന്നാണ് വിവരം. സാമ്പത്തിക ഞെരുക്കത്തിൽ ആണെങ്കിലും, ചൈനീസ് കമ്പനികളുടെ വാഗ്ദാനങ്ങൾ ഇവരും നിരസിക്കാനാണ് സാദ്ധ്യത. ഗുണനിലവാരവും സുരക്ഷയും കണക്കിലെടുത്ത്, വി ഐയും യൂറോപ്യൻ കമ്പനികൾക്ക് കരാർ നൽകുമെന്നാണ് വിവരം.
ലേല നടപടികൾ പൂർത്തിയാകാത്തതിനാൽ കമ്പനികൾ ഒന്നും തന്നെ പർച്ചേസ് ഓർഡറുകൾ നൽകിയിട്ടില്ല. ലഭ്യമാകുന്ന സ്പെക്ട്രത്തിന് അനുസൃതമായായിരിക്കും ഇവയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ കരാറുകളാണ് നിലവിൽ വന്നിരിക്കുന്നത് എന്ന് ബിസിനസ്സ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















