മുംബൈ: സഞ്ജയ് റാവത്തിന്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. കേന്ദ്ര ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. മറിച്ചാണെന്ന് പരാതി ഉള്ളവർക്ക് കോടതിയിൽ തെളിയിക്കാം. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്നും പതിനൊന്നര ലക്ഷം രൂപയുടെ കള്ളപ്പണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. പത്ര ചാൾ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ നിർദ്ദേശം തുടർച്ചയായി അവഗണിച്ച റാവത്തിന്റെ വീട്ടിൽ അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.
അന്വേഷണത്തിൽ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്ന്, ഏപ്രിൽ മാസത്തിൽ സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീൺ റാവത്തിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
1034 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയ പത്ര ചാൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജൂൺ 28ന് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇത് അവഗണിച്ച സഞ്ജയ് റാവത്തിനെ കഴിഞ്ഞ ദിവസം ഇഡി തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.
Comments