ന്യൂഡൽഹി: രാഷ്ട്രപതി ഭവന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. അനുമതിയില്ലാതെ രാഷ്ട്രപതി ഭവന് മുൻപിൽ പ്രതിഷേധിച്ചതിനാണ് രാഹുലിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തത്. ജിഎസ്ടി വർദ്ധന, നാണയപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരായ പ്രതിഷേധം എന്ന പേരിലാണ് രാഷ്ട്രപതി ഭവന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. വസതിയ്ക്ക് മുൻപിൽവെച്ച് പോലീസ് കോൺഗ്രസ് നേതാക്കളെ ബാരിക്കേഡ് പയോഗിച്ച് തടഞ്ഞു. ഇതോടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. ശശി തരൂർ എംപി, കോൺഗ്രസ് നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് എന്നിവരെയും പോലീസ് തടഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പ്രിയങ്കാ വാദ്രയും മറ്റ് കോൺഗ്രസ് നേതാക്കളും എഐസിസി ആസ്ഥാനത്തിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും ശ്രമമുണ്ട്. ഇത് പോലീസ് തടഞ്ഞിരിക്കുകയാണ്.
Comments