അയോദ്ധ്യയിൽ പൂർത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ഹിമാലയത്തിൽ നിന്നുള്ള പാറകൾ എത്തിക്കണമെന്ന് ആവശ്യം. ക്ഷേത്രത്തിലെ രാമ വിഗ്രഹം പണി കഴിപ്പിക്കുന്നതിനാണ് പുരാതന ഹിമാലയൻ പാറകൾ ഉപയോഗിക്കണമെന്ന് ഒരു സംഘം നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നേപ്പാൾ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന നേപ്പാളി കോൺഗ്രസ് നേതാവുമായ ബിംലേന്ദ്ര നിധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് മാസം ആദ്യം അദ്ദേഹം അയോദ്ധ്യ സന്ദർശിച്ചിരുന്നു. പുരാതന പാറകൾ കൂടാതെ ലോഹമായ “ശിവ ധനുഷ്” ജനക്പൂരിലെ ജനങ്ങൾ അയോദ്ധ്യയ്‌ക്ക് സമർപ്പിക്കണമെന്നും ബിംലേന്ദ്ര നിധി ആവശ്യപ്പെട്ടു.
കാളി ഗന്ധകി നദി സന്ദർശിച്ചപ്പോൾ പ്രദേശത്ത് കാണപ്പെടുന്ന പുരാതന പാറകളുടെ തരങ്ങളെക്കുറിച്ച് ഒരു സർവേ നടത്തി. വിഗ്രഹ നിർമ്മാണത്തിനായി പരിഗണിക്കാവുന്ന ഉയർന്ന ഗ്രേഡ് പാറകളെപ്പറ്റി വിയിരുത്തിയെന്നും ബിംലേന്ദ്ര നിധി പറഞ്ഞു. ലോകത്ത് ഷാലിഗ്രാം ശിലകൾ കാണപ്പെടുന്ന ഏകസ്ഥലമാണ് നാരായണി എന്നറിയപ്പെടുന്ന കാളി ഗണ്ഡകിയുടെ തീരം. മഹാവിഷ്ണുവിന്റെ പ്രതിനിധാനങ്ങളായാണ് അവ ആരാധിക്കപ്പെടുന്നത്. ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. അതിനാൽ തന്നെ ഭഗവാൻ ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കുമ്പോൾ നാരായണിയും ഹിന്ദു സമൂഹവും തമ്മിലുള്ള ഈ ആത്മീയ ബന്ധം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അയോദ്ധ്യയിൽ ആരാധിക്കുന്ന രാം ലല്ലയുടെ വിഗ്രഹം പുതിയ ക്ഷേത്രത്തിൽ ആരാധിക്കുന്നത് തുടരും. ക്ഷേത്രത്തിൽ ഒരു വലിയ വിഗ്രഹവും പണിയുന്നതിനെപ്പറ്റി ആലോചനയുണ്ട്. തീർത്ഥാടകരെ ആകർഷിക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾക്ക് വലിയ വിഗ്രഹങ്ങളാണ് കൂടുതൽ അനുയോജ്യം. ചെറുതും ചരിത്രാതീതകാലത്തെ സമുദ്ര ഫോസിലുകളുമായ ഷാലിഗ്രാം ശിലകൾ വിഗ്രഹത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ലെങ്കിലും ഇതിന് അനിയോജ്യമായ നിരവധി ശിലകൾ ലഭ്യമാണെന്നും ബിംലേന്ദ്ര പറയുന്നു. നേപ്പാളിൽ നിന്നുള്ള ഹിമാലയൻ വിഭവങ്ങൾ ക്ഷേത്രങ്ങൾ പണ്ടുമുതൽക്കെ ഉപയോഗിച്ചുവരുന്നുണ്ട്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നേപ്പാളിൽ നിന്നുള്ള കസ്തൂരിയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ചപ്പോൾ സന്യാസിമാരുമായി തന്റെ ആശയങ്ങൾ ചർച്ച ചെയ്തുവെന്നും ഹിമാലയത്തിൽ നിന്നുള്ള പാറകൾ കൊണ്ട് വിഗ്രഹം പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ബിംലേന്ദ്ര നിധി പറഞ്ഞു.
Comments