ഗുവാഹട്ടി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഡൽഹിയെ ലണ്ടൻ നഗരത്തിന് തുല്യമാക്കി മാറ്റുമെന്നാണ് കെജ്രിവാൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഡൽഹിയിലെ അവസ്ഥ അതല്ലെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ ചെറിയ പട്ടണങ്ങളുമായാണ് അരവിന്ദ് കെജ്രിവാൾ ഡൽഹിയെ താരതമ്യം ചെയ്യുന്നത് എന്നും ശർമ്മ ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൽഹിയെ ലണ്ടൻ, പാരിസ് പോലുള്ള വൻ നഗരങ്ങൾക്ക് തുല്യമാക്കി മാറ്റുമെന്നായിരുന്നു കെജ്രിവാളിന്റെ വാഗ്ദാനം. എന്നാൽ ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ അദ്ദേഹം രാജ്യതലസ്ഥാനത്തെ, അസമും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാൻ ആരംഭിച്ചു. ബിജെപിക്ക് ഡൽഹി പോലുള്ള ഒരു സംസ്ഥാനം ലഭിച്ചാൽ അതിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമാക്കി പാർട്ടി മാറ്റുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ശർമ്മയും കെജ്രിവാളും തമ്മിൽ ട്വിറ്ററിലൂടെ നടത്തുന്ന വാഗ്വാദങ്ങൾ ചൂടുപിടിച്ചു വരുന്നതിനിടെയാണ് ശർമ്മയുടെ വിമർശനം. നേരത്തെയും ഇത്തരത്തിൽ കെജ്രിവാളിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.
Comments