ന്യൂഡൽഹി; പാകിസ്താനെതിരെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ മത്സരത്തിൽ ക്യാച്ച് കൈവിട്ട ഇന്ത്യൻ താരം അർഷ്ദീപ് സിംഗിനെ അപമാനിക്കാനുളള നീക്കത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത്. ഹർഭജൻ സിംഗും ആകാശ് ചോപ്രയും അടക്കമുളളവരാണ് അർഷ്ദീപ് സിംഗിന് പിന്തുണയുമായി രംഗത്തെത്തിയത്.
ആകാശ് ചോപ്ര ട്വിറ്റർ പ്രൊഫൈലിൽ ഡിപിയായി അർഷ്ദീപിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. അർഷ്ദീപ് സിംഗിന്റെ പിഴവ് സ്വാഭാവികം മാത്രമാണെന്നും ആർക്കും സംഭവിക്കാവുന്നതാണെന്നും മുതിർന്ന താരം വിരാട് കൊഹ്ലി മത്സര ശേഷം പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമാക്കിയത്. താരത്തിന് ഖാലിസ്ഥാൻ ബന്ധം ആരോപിച്ച് വിക്കിപീഡിയ പ്രൊഫൈലും തിരുത്തയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി മുൻ താരങ്ങൾ രംഗത്തെത്തിയത്. മത്സരത്തിന്റെ പതിനെട്ടാം ഓവറിലായിരുന്നു അർഷ്ദീപ് സിംഗ് ക്യാച്ച് കൈവിട്ടുകളഞ്ഞത്. മത്സരത്തിൽ അഞ്ച് വിക്കറ്റിന് പാകിസ്താൻ വിജയിക്കുകയും ചെയ്തിരുന്നു.
അർഷ്ദീപിനെ പിഴവുകളുടെ പേരിൽ അവഹേളിക്കരുതെന്ന് പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൊഹമ്മദ് ഹഫീസ് അഭ്യർത്ഥിച്ചു. നമ്മൾ മനുഷ്യരാണ് പിഴവുകൾ സ്വാഭാവികമായി ഉണ്ടാകും. പക്ഷെ അതിന്റെ പേരിൽ ഒരാളെയും അവഹേളിക്കാൻ പാടില്ല മൊഹമ്മദ് ഹഫീസ് ട്വിറ്ററിൽ കുറിച്ചു.
Comments