കൊച്ചി : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പായില്ലെന്ന് അദാനി ഗ്രൂപ്പ് ഹർജിയിൽ പറഞ്ഞു. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖ നിർമ്മാണം നിലച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്.
വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖം നിർമ്മാണത്തിന് സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷ നൽകാൻ സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
വിഴിഞ്ഞത്ത് ജനങ്ങൾ പ്രതിഷേധം നടത്താൻ കാരണം സർക്കാരിന്റെ അനാസ്ഥയാണെന്നാണ് അദാനി ഗ്രൂപ്പ് ആരോപിക്കുന്നത്.
Comments