കോട്ടയം: കേരള സർക്കാർ സ്വർണ കള്ളക്കടത്തുകാരുടെ തോളിൽ കയ്യിട്ട് നടക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സർക്കാർ അഴിമതിയും സ്വജനപക്ഷവാദവും നടത്തി കേരളത്തെ കുട്ടിച്ചോറാക്കി. കോട്ടയത്ത് നടന്ന ബിജെപിയുടെ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
പിണറായി വിജയൻ സർക്കാർ എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുകയും ആക്രമിച്ചു കീഴ്പ്പെടുത്തുകയുമാണ് ചെയ്യുന്നത്. ക്രമസമാധാനം നഷ്ടപ്പെട്ട് ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്. രാജ്യത്ത് ഭീകരവാദികൾ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നും പിടിക്കപ്പെടുകയാണെങ്കിൽ കേരളത്തിൽ നിന്നും ഒരാൾ ഉണ്ടാകും. സംസ്ഥാന സർക്കാർ ഭീകരവാദികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണ് കേരളം. സ്വർണ കള്ളക്കടത്തും, ഹവാല ഇടപാടുകളും മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നേരിട്ട് ചെയ്യുകയാണ്. സർക്കാർ ഉൾപ്പെടുന്ന അഴിമതി കേസുകൾ പുറത്തു വരുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തടി തപ്പുന്ന പരിപാടിയാണ് ചെയ്യുന്നത്. സംസ്ഥാന സർക്കാർ ക്രമസമാധാനം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. ആർ എസ് എസ് ബിജെപി പ്രവർത്തകർ പോപ്പുലർ ഫ്രണ്ടുകാരാൽ കൊല്ലപ്പെടുമ്പോൾ ഭരണകൂടം നോക്ക് കുത്തിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments