തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച പോലീസുകാരന് സസ്‌പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ സിപിഒ ഉറൂബിനെതിരെയാണ് നടപടിയുണ്ടായത്. കെപിസിസി അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനാണ് ഉറൂബ് എന്നാണ് വിവരം.
സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉറൂബിനെതിരെ നടപടിയുണ്ടായത്. സംഭവത്തിൽ പോലീസുകാരനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു. തുടർന്ന് നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സിപിഎം പ്രവർത്തകർ പിരിഞ്ഞുപോയത്.
ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തുടർന്ന് ഇന്ന് കണ്ണൂരിലേക്ക് എയർ ആംബുലൻസ് വഴി മൃതദേഹം എത്തിച്ചിരുന്നു. ഇന്ന് മുഴുവനും തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പയ്യാമ്പലത്ത് ശവസംസ്‌കാര ചടങ്ങുകൾ നടക്കുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.
Comments