ന്യൂഡൽഹി: യുക്രെയ്ൻ സംഘർഷത്തിൽ ക്രിയാത്മകമായ നിലപാട് സ്വീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കി. യുക്രെയ്ന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണ അറിയിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി സെലെൻസ്കി പറഞ്ഞു. നിലവിലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി യാതൊരു വിധത്തിലുള്ള നീക്ക് പോക്കുകൾക്കും തയ്യാറല്ലെന്നും സെലെൻസ്കി പ്രധാനമന്ത്രിയെ അറിയിച്ചു.
യുക്രെയ്നിലെ നാല് പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചത്. പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, യുക്രെയ്നിലെ ആണവ നിലയങ്ങളുടെ സുരക്ഷയിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനത്തിനായുള്ള ഏത് പരിശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം യുക്രെയ്ൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു.
നയതന്ത്ര പരിഹാരത്തിന്റെയും ചർച്ചകളുടെയും അനിവാര്യതയെ കുറിച്ച് പ്രധാനമന്ത്രി സെലെൻസ്കിയോട് സംസാരിച്ചു. നിലവിലെ പ്രശ്നത്തിന് യുദ്ധം ഒരു പരിഹാരമല്ല. ആണവ നിലയങ്ങളുടെ സുരക്ഷയിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഭീകരവും ദൂരവ്യാപകവുമായിരിക്കുമെന്നും പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റിനെ ഓർമ്മിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ഷാംഗ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ അറിയിച്ചിരുന്നു. ഇത് യുദ്ധത്തിന്റെ കാലമല്ല. സമാധാനത്തിന്റെ പാതയിൽ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടതെന്നും പ്രധാനമന്ത്രി പുടിനോട് പറഞ്ഞിരുന്നു.
Comments