പാലക്കാട് : പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിക്കാനുള്ള പദ്ധതിയുമായി സിപിഎം. പാലക്കാട് മുണ്ടൂരിലാണ് സംഭവം. ബിജെപി പ്രതിഷേധം ശക്തമാക്കുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഓഫീസിന്റെ മതിൽ പൊളിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം കളക്ടർക്ക് പരാതി നൽകിയത്.
മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് പാർട്ടി ഓഫീസ് നിർമ്മിക്കുന്നത്. ഓഫീസിലേക്കുള്ള വഴിയ്ക്കായി പഞ്ചായത്തിന്റെ സ്ഥലം കൈയേറിയെന്ന് ബിജെപി ആരോപിച്ചു. ഇത് പിന്നീട് നിർമ്മിച്ച് നൽകാമെന്ന് പഞ്ചായത്തിന് സിപിഎം ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാൻ സിപിഎമ്മിനായില്ലെന്നും ബിജെപി അറിയിച്ചു.
നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും സി പിഎം ഭരിക്കുന്ന പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ബിജെപി ആരോപിച്ചു. കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് സിപിഎമ്മിന്റെ വാദം. പ്രശ്നം നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് ബിജെപിയുടെ തീരുമാനം.
Comments