ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. സീനിയറോടയിലെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ പോസ്റ്റ്‌മോർട്ടം നാളെ നടക്കും.
ഒരു കണ്ണിന് മാത്രം കാഴ്ചയുണ്ടായിരുന്ന കടുവയെ റേഡിയോ കോളർ ഘടിപ്പിച്ചായിരുന്നു പെരിയാറിൽ വിട്ടയച്ചത്. ഒക്ടോബർ ആറിനായിരുന്നു കടുവയെ പിടികൂടിയത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവ പരിഭ്രാന്തി സൃഷ്ടിക്കുകയും വളർത്തുമൃഗങ്ങളെ ആഹാരമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ പിടികൂടിയതോടെ ഒക്ടോബർ എട്ടിനായിരുന്നു പെരിയാറിന്റെ ഉൾവനങ്ങളിലേക്ക് കടുവയെ തുറന്നുവിട്ടത്.
റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടിരുന്നതിനാൽ കടുവയെ കൃത്യമായി നിരീക്ഷിച്ചിരുന്നു. എന്നാൽ ഒക്ടോബർ 13ഓടെ ചില സാങ്കേതിക തകരാർ സംഭവിച്ചു. കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ടും കടുവയുടെ സഞ്ചാരപാത നിരീക്ഷിച്ചു.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും സഞ്ചാര പാതയ്‌ക്ക് വ്യത്യാസം വരാത്തതായി ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കടുവയെ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കടുവയുടെ മരണകാരണത്തിൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ശരീരത്തിൽ ആക്രമിക്കപ്പെട്ടതായ പാടുകളോ മുറുവുകളോ ഇല്ലെന്നും മുങ്ങിമരിച്ചതാകാമെന്നും അധികൃതർ പറയുന്നു.















