തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ബലിമണ്ഡപത്തിന് സമീപം ഏകദേശം 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കടൽ ഉൾവലിഞ്ഞതായി കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ടൂറിസം പോലീസും ലൈഫ് ഗാർഡുകളും കടലിലേക്ക് ഇറങ്ങന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ മാസം 29ന് കോഴിക്കോട് കോതി ബീച്ചിന് സമീപവും കടൽ ഉൾവലിഞ്ഞിരുന്നു.
Comments