ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് യുസിസി. അതിനാൽ നടപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
‘ദേശീയ തലത്തിൽ ബിജെപിയുടെ പ്രധാന പ്രകടനപത്രികയുടെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ്. അതിനാൽ അത് നടപ്പിലാക്കുന്നത് തന്റെ സർക്കാർ വളരെ ഗൗരവമായി പരിഗണിച്ചിരിക്കുകയാണ്. യുസിസി നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ രൂപീകരിച്ച കമ്മിറ്റികൾ കർണാടക സർക്കാർ പരിശോധിച്ച് വരികയാണ്. എല്ലാ വശങ്ങളും പഠിച്ച ശേഷം നിയമം നടപ്പാക്കാനുള്ള തീരുമാനത്തിലേയ്ക്ക് കടക്കും’.
‘ദീൻദയാൽ ഉപാധ്യായയുടെ കാലം മുതൽ ഞങ്ങൾ ഏകീകൃത സിവിൽ കോഡ് ഉയർത്തിക്കാണിച്ചിരുന്നു. രാജ്യതലത്തിലും സംസ്ഥാന തലത്തിലും നിയമം നടപ്പാക്കാനുള്ള ഗൗരവകരമായ ചർച്ച നടക്കുകയാണ്. ശരിയായ സമയം വരുമ്പോൾ അത് നടപ്പിലാക്കും. നിയമം നടപ്പിലാക്കുന്നതിലുടെ ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഉറപ്പായും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും’ എന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.
Comments