ചേർത്തല: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡ് കാവതിയാൻ വീട്ടിൽ സുനിലിനെയാണ്(41) ചേർത്തല പോലീസ് അറസ്റ്റ് ചെയ്ത്. എറണാകുളം രാമമംഗലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചേർത്തല നടുവിലേമുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രസാദിന്റെ കണ്ണിലാണ് ആസിഡ് ഒഴിച്ചത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. സുനിലിന്റെ സഹോദരന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടയാൾ.
ആസിഡ് ആക്രമണത്തിന് പിന്നാലെ സുനിൽ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കഴിഞ്ഞ 22 വർഷമായി ഒളിവിൽ താമസിച്ച് വരികയായിരുന്നു. ചേർത്തല സ്റ്റേഷൻ ഓഫീസർ ബി.വിനോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
Comments