ന്യൂഡൽഹി: മുത്തലാഖ് നിർത്തലാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ. അഖില ഭാരതീയ ന്യൂനപക്ഷ കോൺക്ലേവിലാണ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്.
ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനെ വിവിധ മുസ്ലീം സംഘടനാ നേതാക്കൾ പ്രശംസിച്ചു. മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ വക്താവ് അഭിപ്രായപ്പെട്ടു.
മുത്തലാഖിനെതിരെ മോദിസർക്കാർ സ്വീകരിച്ചത് നല്ല നടപടിയാണ്. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള നല്ലൊരു ചുവടുവയ്പാണിതെന്നും, ഇതിനായി മുന്‍കൈയെടുത്തതിൽ ഞങ്ങൾ മാനിക്കുന്നെന്നും അഹമ്മദിയ്യ മുസ്ലീം യൂത്ത് അസോസിയേഷൻ വക്താവ് പറഞ്ഞു.
രാജ്യത്തെ വികസന പാതയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനും അഹമ്മദിയ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ വിദേശകാര്യ ഡയറക്ടർ അഹ്‌സൻ ഗൗരി മോദിയെ പ്രശംസിച്ചു. രാജ്യത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും നല്ല കാര്യങ്ങൾ വിലമതിക്കപ്പെടണമെന്നും അഹ്‌സൻ ഗൗരി പറഞ്ഞു.
സുപ്രിംകോടതി വിധി നടപ്പാക്കാനാണ് മോദി സർക്കാർ മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നത്. തുടർന്ന് 2019 ഓഗസ്റ്റ് ഒന്നിനാണ് മുത്തലാഖിനെതിരായ ബിൽ നിയമമാക്കിയത്. 2017 മെയ് 18 ന് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. മുത്തലാഖ് അസാധുവാക്കിയത് മുസ്ലീം സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക, മൗലിക, ഭരണഘടനാപരമായ അവകാശങ്ങളെ ശക്തിപ്പെടുത്തിയെന്നാണ് മോദി സർക്കാരിന്റെ നിലപാട്.
Comments