ന്യൂഡൽഹി: വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളെക്കുറിച്ചും ജി-20 ഒരുക്കങ്ങളെക്കുറിച്ചും അവലോകനം നടത്താൻ യോഗം വിളിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഫെബ്രുവരി 26-നാണ് യോഗം നടക്കുക. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ജി-20 എന്നിവ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് ജെപി നദ്ദ ബിജെപി നേതാക്കളുടെ യോഗം വിളിച്ചത്.
തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിൽ ബിജെപിയുടെ നിലപാട് സംബന്ധിച്ച് യോഗത്തിൽ വിശദീകരണമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറമെ, ഫെബ്രുവരി 27-ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാൻഡിലെയും മേഘാലയയിലെയും ബിജെപിയുടെ സാധ്യതയെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
2023-ൽ ഇന്ത്യയാണ് ജി-20 യിൽ അദ്ധ്യക്ഷത വഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജി-20 യിൽ സാധാരണക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജി-20യുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് ബിജെപി സംഘടിപ്പിക്കാൻ പോകുന്നത്. സാഹിത്യ പരിപാടികൾ, വെബിനാറുകൾ, സെമിനാറുകൾ തുടങ്ങി വിവിധ സാംസ്കാരിക പരിപാടികൾ ബിജെപി സംഘടിപ്പിക്കും. ഈ പരിപാടിയിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇന്ത്യയുടെ കലയും സംസ്കാരവും പ്രചരിപ്പിക്കാനും പാർട്ടി ശ്രമിക്കും.
Comments