ആലപ്പുഴ : വിദ്യാർത്ഥിനികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ അറസ്റ്റിലായ അദ്ധ്യാപകനും പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സിപിഎം നേതാവിന് പാർട്ടിയിൽ നിന്നും സസ്പെൻഷൻ. ചെട്ടികുളങ്ങര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മറ്റി അംഗവുമായ എസ് ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ ചേർന്ന സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി യോഗമാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
ഇന്ന് നടക്കുന്ന ലോക്കൽ കമ്മിറ്റിയിലാകും നടപടി റിപ്പോർട്ട് ചെയ്യുക. ഇയാൾ മോശമായി പെരുമാറിയതിന് പിന്നാലെ നാല് വിദ്യാർത്ഥിനികളാണ് സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയിരുന്നത്. എന്നാൽ ഗൗരവമേറിയ വിഷയമായിരുന്നിട്ട് കൂടി സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകാൻ തയാറായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
പിന്നീട് മറ്റൊരു വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പുന്നപ്ര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതോടെയാണ് പ്രതി റിമാൻഡിലായത്. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി സമരം നടത്തിയിരുന്നു. ആരോപണ വിധേയനായ പഞ്ചായത്തംഗത്തിനൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും കത്ത് നൽകിയിരുന്നു.
Comments