തിരുവനന്തപുരം: ബലാത്സംഗക്കേസിന് പിന്നാലെ റീൽസ് താരമായ ‘മീശ വിനീത്’ എന്ന വിനീത്(26) കവർച്ചാക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി തിരുവനന്തപുരം കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന കേസിലാണ് ഇപ്പോൽ മീശ വിനീതും കൂട്ടാളിയും പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ മാസം 23-ന് ആയിരുന്നു കണിയാപുരം എസ്.ബി.ഐ. ബാങ്ക് ശാഖയുടെ മുന്നിൽവെച്ച് വിനീതും കൂട്ടാളിയും പമ്പുടമയുടെ പണം കവർന്നത്. ഉച്ചവരെയുള്ള കളക്ഷൻ ബാങ്കിൽ അടയ്‌ക്കാൻ പമ്പുടമ എത്തിയപ്പോഴാണ് ഇരുവരും ചേർന്ന് പണം പിടിച്ചുപറിച്ചത്. വിനീതിന്റെ കൂട്ടാളി ബാങ്കിന്റെ മുൻവശത്തെ ജനറേറ്ററിന്റെ പിന്നിൽ ഒളിച്ചിരുന്ന് പമ്പുടമ അടുത്തെത്തിയപ്പോൾ പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പിന്നാലെ സമീപത്ത് സ്റ്റാർട്ടാക്കി നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പമ്പുടമ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
സംഭവസമയത്ത് രണ്ടുപ്രതികളും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന് നമ്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചയുടൻ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം പ്രതികൾ പോത്തൻകോട് ഭാഗത്തേയ്‌ക്ക് പോയെന്ന വിവരം ലഭിക്കുകയും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. പിന്നാലെ പോത്തൻകോഡ് പൂലന്തറയിൽനിന്ന് ഇവർ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നിരവധി സിസിടിവി ക്യാമറകളും മൊബൈൽഫോൺ ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോത്തൻകോട്ട് സ്‌കൂട്ടർ ഉപേക്ഷിച്ച് പ്രതികൾ വെഞ്ഞാറമൂട് ഭാഗത്തേക്ക് ഒട്ടോറിക്ഷയിൽ കടന്നുകളഞ്ഞു. തുടർന്ന് തൃശ്ശൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. മോഷ്ടിച്ച പണം ഉപയോഗിച്ച് മീശ വിനീത് പുതിയ ബുള്ളറ്റ് വാങ്ങിയെന്ന് പോലീസ് പറഞ്ഞു. ബാക്കി പണം കടം തീർക്കാനായും ഉപയോഗിച്ചു. നിലവിൽ മീശ വിനീതിനെതിരെ പത്ത് മോഷണക്കേസുകളാണുള്ളത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തമ്പാനൂർ സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വിനീത് പിന്നീടും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇതിനിടയിലാണ് ഇയാൾ വീണ്ടും മോഷണക്കേസിൽ അറസ്റ്റിലാകുന്നത്.
Comments