എറണാകുളം: ആദ്യ കൊച്ചി ജല മെട്രോ യാത്രയിൽ 6,559 പേരാണ് യാത്ര ചെയ്തത്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ആദ്യ ദിനത്തിൽ ജല മെട്രോ സർവീസിൽ യാത്ര ചെയ്തു. ആദ്യ ദിനത്തിൽ തിരക്ക് കാരണം പലർക്കും തിരികെ പോകേണ്ടി വന്നു. രാത്രി എട്ട് മണിയോടെ മെട്രോ സർവീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാർ.
എറണാകുളം ജില്ലയക്ക് പുറത്ത് നിന്നുള്ളവരും ആദ്യ വാട്ടർ മെട്രോ യാത്രയിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. ടെർമിനലിൽ നിന്ന് സ്മാർട്ട് കാർഡുകളുടെ വിതരണംആരംഭിച്ചിട്ടുണ്ട്. സ്മാർട്ട് കാർഡുകൾ കൂടുതൽ പേരിലേക്ക് എത്തുന്നതോടെ ടിക്കറ്റിനായി ക്യൂ നിൽക്കുന്നത് കുറയ്‌ക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരം കൂടുതൽ ആകർഷകമാക്കാൻ വാട്ടർ മെട്രോ സഹായിക്കുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ.















