തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറുകളിലുമുള്ള ബ്ലീച്ചിംഗ് പൗഡർ പ്രത്യേകമായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ബ്ലിച്ചിംഗ് പൗഡർ ഈർപ്പം തട്ടാത്ത തരത്തിൽ പ്രത്യേകം ഒരു മുറിയിൽ സൂക്ഷിക്കണമെന്നാണ് ഡിഎംഒമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മരുന്നുകൾ, കെമിക്കലുകൾ എന്നിവ സൂക്ഷിക്കുന്നതിലും ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളിൽ ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ച് കെട്ടിടത്തിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആരോഗ്യ സ്ഥാപനങ്ങളിൽ വേണ്ടത്ര സൗകര്യം ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചു. അതേസമയം മരുന്ന് സംഭരണ ശാലകളിൽ ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതിന്റെ പശ്ചാത്തലത്തിൽ ബ്ലീച്ചിംഗ് പൗഡർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡ്രഗ്സ് കണ്ട്രോൾ ബോർഡ് കെഎംസിഎലിന് റിപ്പോർട്ട് കൈമാറി. ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ പരിധിയിൽ വരുന്ന ഘടകങ്ങൾ ബ്ലീച്ചിംഗ് പൗഡറിൽ ഇല്ല. കെമിക്കലുകൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഡ്രഗ്സ് കണ്ട്രോൾ ലാബുകളിലില്ല. തീപിടിത്തത്തിന് പിന്നാലെ ബ്ലീച്ചിംഗ് പൗഡർ പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
Comments