മുംബൈ: ഏകീകൃത സിവിൽ കോഡിന് (യുസിസി) പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് ഉദ്ധവ് താക്കറ പക്ഷം. പാർട്ടിയുടെ ചിന്താഗതി എല്ലായ്പ്പോഴും യുസിസി എന്നതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ പിന്തുണച്ച് ആംആദ്മി രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവസേന ഉദ്ധവ് പക്ഷവും രംഗത്തു വന്നിരിക്കുന്നത്. എഎപി സംഘടനാ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സന്ദീപ് പഥക്കായിരുന്നു ആം ആദ്മിയുടെ യുസിസിയിലുള്ള നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയുടെ ചിന്താഗതി എല്ലായ്പ്പോഴും ഏകീകൃത സിവിൽ കോഡ് എന്നത് തന്നെയാണ്. എന്നാൽ കരട് തയ്യാറാക്കിയതിന് ശേഷം മാത്രമെ അന്തിമ തീരുമാനം പാർട്ടി കൈക്കൊള്ളൂ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. യുസിസി ബിൽ അവതരിപ്പിക്കുമ്പോഴെല്ലാം പാർട്ടി പിന്തുണയ്ക്കുമെന്ന് ആനന്ദ് ദുബെയും വ്യക്തമാക്കി. യുസിസി വിഷയത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി എങ്ങനെ സഞ്ചരിക്കണമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാകട്ടെ യുസിസിയെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നുമില്ല. രാജ്യത്തെ ജനങ്ങൾക്കായി പ്രത്യേക നിയമങ്ങൾ ഉണ്ടാകില്ലെന്നും പൗരന്മാർക്ക് യൂണിഫോം സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണഘടന ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം ഏകീകൃത സിവിൽ കോഡിന് പിന്തുണ ലഭിക്കുന്നത്.
Comments