എറണാകുളം: പ്രതി സജിലിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. പ്രൊഫസറിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ രണ്ടാം പ്രതി സജിൽ വീട്ടിൽ ആഘോഷിക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ഇത്തരത്തിലുള്ള മാനസികാവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും വേദന എന്നത് എല്ലാവർക്കും ഒരുപോലെയാണെന്നും കോടതി പറഞ്ഞു. വീട്ടിൽ ഉമ്മ മാത്രമാണുള്ളതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള പ്രതിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
ആകെ 12 പ്രതികളിൽ ആറ് പേരെയാണ് കോടതി ഇന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ. നാസർ, അഞ്ചാം പ്രതി നജീബ്, ഒൻപതാം പ്രതി നൗഷാദ്, മൻസൂർ, 11-ാം പ്രതി മൊയ്തീൻ കുഞ്ഞ്, 12-ാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. അഞ്ചുപേരെ വെറുതെ വിട്ടു. ഒന്നാം പ്രതിസവാദ് ഇപ്പോഴും ഒളിവിലാണ്. കുറ്റക്കാരെന്ന് തെളിഞ്ഞ ആറുപേരുടെയും ജാമ്യം റദ്ദാക്കി കാക്കാനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്ന് കേസിൽ വിധി വന്നതിന് പിന്നാലെ പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്‌ക്ക് കിട്ടുന്ന നീതിയെന്ന അഭിപ്രായം തനിക്കില്ലെന്നും ഇരയ്‌ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയം. തന്നെ ആക്രമിക്കാൻ ഗ്രൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കണം. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും. ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും പ്രൊഫ. ടിജെ ജോസഫ് പറഞ്ഞു.
സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.















