ന്യൂഡൽഹി: എൻഡിഎയ്ക്ക് (ദേശീയ ജനാധിപത്യ സഖ്യം) കീഴിലുള്ള 38 പാർട്ടികളുടെ യോഗം നാളെ നടക്കും. ചൊവ്വാഴ്ച ഡൽഹിയിലാണ് യോഗം നടക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ വ്യക്തമാക്കി.
ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിനിടെ തന്നെയാണ് എൻഡിഎ യോഗവും ബിജെപി വിളിച്ചു ചേർത്തിരിക്കുന്നത്. എൻഡിഎയുടെ സ്വീകാര്യതയും സാധ്യതയും വർദ്ധിച്ചതായി വാർത്താ സമ്മേളനത്തിൽ ജെ.പി നദ്ദ വ്യക്തമാക്കി. നിലവിലുള്ളതും പുതിയതുമായ സഖ്യ കക്ഷികളുടെ സാന്നിധ്യം യോഗത്തിൽ ഉണ്ടാവും.
നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളുടെയും നയങ്ങളുടെയും സ്വാധീനം ജനങ്ങൾക്കിടയിൽ പ്രതിഫലിക്കുന്നതിന്റെ ഉത്സാഹത്തിലാണ് എൻഡിഎ ഘടകകക്ഷികൾ. ദിവസങ്ങൾക്ക് മുമ്പാണ് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ തലവൻ ഒപി രാജ്ഭർ എൻഡിഎയിൽ ചേരുന്നതായി പ്രഖ്യാപിച്ചിച്ചത്. കിഴക്കൻ ഉത്തർപ്രദേശിലെ ഒബിസി വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള വ്യക്തിയാണ് രാജ്ഭർ. മാത്രമല്ല, ബിഹാറിലെ മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാനെയും എൻഡിഎ യോഗത്തിലേയ്ക്ക് ജെപി നദ്ദ ക്ഷണിച്ചിട്ടുണ്ട്.
Comments