ബെംഗളൂരു: ‘ശുദ്ധ അഴിമതി സമ്മേളന’ത്തിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ ബെംഗളൂരുവിൽ ഒത്തുകൂടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലുള്ള വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തെ പ്രധാനമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ഇന്ത്യ ജനാധിപത്യ വ്യവസ്ഥിതിയിൽ സഞ്ചരിക്കുമ്പോഴും കുടുംബാധിപത്യത്തെ അന്ധമായി പിന്തുണയ്ക്കുന്നവരാണ് പ്രതിപക്ഷ പാർട്ടികളിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബം ആദ്യം, രാഷ്ട്രം വട്ടപൂജ്യം എന്നതാണ് അവരുടെ മുദ്രാവാക്യം. കുടുംബം, കുടുംബത്തിന് വേണ്ടി, കുടുംബാംഗങ്ങളാൽ എന്നതാണ് അവരുടെ കാഴ്ചപ്പാടെന്നും ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനം അഴിമതിയുടെ ഉച്ചക്കോടിയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
എല്ലാവരേയും ഉൾക്കൊള്ളുന്ന, അവസരങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും 2014 മുതൽ ആൻഡമാൻ നിക്കോബാറിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ എൻഡിഎ സർക്കാർ നടത്തിയ പുരോഗതിയും അദ്ദേഹം ഉയർത്തിക്കാട്ടി.
പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. 710 കോടി രൂപ ചിലവിൽ നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. 40,800 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള പുതിയ ടെർമിനൽ പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ ഉൾക്കൊളളും.
Comments