സ്പാം കോളുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കൾക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച് ട്രൂകോളർ. സ്പാം കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് വേണ്ടി കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും സാധിക്കത്തക്കവിധമാണ് പുതിയ സംവിധാനം . മെഷീൻ ലേണിംഗ്, ക്ലൗഡ് ടെലിഫോണി എന്നീ ടെക്‌നോളജികൾ പ്രയോജനപ്പെടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ സംവിധാനമാണിത്. ട്രൂകോളർ അവതരിപ്പിച്ച പുതിയ എഐ അസിസ്റ്റന്റ് സംവിധാനം കോൾ സിക്രീനിംഗിൽ കുതിപ്പ് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അനാവശ്യമായതോ അല്ലെങ്കിൽ അപകടസാദ്ധ്യത ഉള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കുന്നതിന് പുതിയ സംവിധാനം ഉപകാരപ്രദമായിരിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ ട്രൂകോളർ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്ന ട്രൂകോളർ അസിസ്റ്റന്റ് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റായി ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ലഭിക്കുന്ന കോളുകൾക്ക് സ്വയം മറുപടി നൽകാൻ ഇതിലുള്ള എഐ അസിസ്റ്റന്റ് ഫീച്ചറിന് സാധിക്കും. ഇൻകമിംഗ് കോളുകളോട് വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതിനും കോളറിന്റെ സംഭാഷണത്തിന്റെ തത്സമയ ട്രാൻസ്‌ക്രിപ്ഷനുകൾ നൽകാനും ഈ അസിസ്റ്റന്റ് ഫീച്ചറിന് സാധിക്കും. കോളുകൾ എത്തുമ്പോൾ തന്നെ കോളറുടെ ഉദ്ദേശ്യം എന്തെന്ന് മനസിലാക്കി എഐ അസിസ്റ്റന്റ് മുന്നറിയിപ്പ് നൽകും. ഉപയോക്താവിന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി കോൾ എടുക്കണോ അല്ലെങ്കിൽ സ്പാം ആയി അടയാളപ്പെടുത്തണോ എന്നത് ഉൾപ്പെടെ തീരുമാനിക്കാൻ ഉപയോക്താക്കളെ സഹായിക്കും.
‘ഇതുവരെ, ആരാണ് വിളിക്കുന്നതെന്ന് ട്രൂകോളർ നിങ്ങളെ കാണിച്ചു, എന്നാൽ ഇപ്പോൾ നിങ്ങൾ അനുവദിച്ചാൽ നിങ്ങൾക്ക് വേണ്ടി വിളിക്കുന്നയാളുമായി സംസാരിക്കാൻ ട്രൂകോളർ അസിസ്റ്റന്റിന് കഴിയും’ എന്ന് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് ട്രൂകോളർ ഇന്ത്യ എംഡി റിഷിത് ജുൻജുൻവാല പറഞ്ഞു.
സ്പാം കോളുകളിൽ നിന്നും തട്ടിപ്പുകളിൽനിന്നും ഉപയോക്താക്കളെ പൂർണ്ണമായും സംരക്ഷിക്കുന്നതിനും അത്തരം കോളുകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു വലിയ ചുവടുവയ്പ്പാണ് തങ്ങൾ നടത്തിയിരിക്കുന്നത് എന്ന് റിഷിത് ജുൻജുൻവാല പറഞ്ഞു. ചിലയിടങ്ങളിൽ ഈ ഫീച്ചർ നേരത്തെ അവതരിപ്പിച്ചിരുന്നതായും ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവതരിപ്പിച്ച പുതിയ ട്രൂകോളർ എഐ അസിസ്റ്റന്റ് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ ട്രയൽ കാലയളവിനുശേഷം, ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ആരംഭിക്കുന്ന ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാൻ തിരഞ്ഞെടുക്കാം. പരിമിതമായ പ്രൊമോഷണൽ ഡീലിന്റെ ഭാഗമായി നിലവിൽ 99 രൂപയ്‌ക്ക് പ്ലാൻ ലഭ്യമാണ്.
Comments