ജയ്പ്പൂർ: പ്രതിപക്ഷം യുപിഎ എന്ന പേര് മാറ്റി ‘ഇന്ത്യ’ എന്നാക്കിയത് ഭീകരവാദത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ കറ മായ്ക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസ് ദിശാബോധമില്ലാത്ത പാർട്ടിയായി മാറി. ഭീകരവാദത്തിന് മുന്നിൽ കിഴടങ്ങിയതിന്റെ കറ മറയ്ക്കാനായി കോൺഗ്രസും സഖ്യ കക്ഷികളും തട്ടിപ്പ് പ്രസ്ഥാനങ്ങളെ പോലെ പേര് മാറ്റുകയാണ്. കോൺഗ്രസിന്റെ വഴികൾ രാജ്യദ്രോഹികളുടെത് പോലെയാണ്. രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ് അവർക്ക് ‘ഇന്ത്യ’ എന്ന പേര്.
യുപിഎയുടെ മുൻകാല പ്രവൃത്തികളെ മറയ്ക്കാനാണ് ‘ഇന്ത്യ’ എന്ന പേര് അവർ ഉപയോഗിക്കുന്നത്. രാജ്യത്തെ കുറിച്ച് അവർക്ക് ശരിക്കും കരുതലുണ്ടെങ്കിൽ അവർ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
പണ്ട്, ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നും ‘ഇന്ദിര എന്നാൽ ഇന്ത്യ’ എന്നും അവർ മുദ്രാവാക്യം മുഴക്കിയിരുന്നു. അന്ന് അവരെ ജനങ്ങൾ വേരോടെ പിഴുതെറിഞ്ഞു. ഇപ്പോൾ അവർ പുതിയ മുദ്രാവാക്യവുമായി എത്തി. ‘യുപിഎ എന്നാൽ ‘ഇന്ത്യ’ എന്നും ‘ഇന്ത്യ’ എന്നാൽ യുപിഎ’ എന്നുമാണ് അവർ പറയുന്നത്. ജനങ്ങളും അന്ന് ചെയ്തത് തന്നെ ചെയ്യും. ഇവരെ വേരോടെ പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments