കാറ്ററിംഗ് സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വിമാന യാത്രക്കാർക്ക് കെഎഫ്സി വിളമ്പി ജീവനക്കാർ. വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് യാത്രക്കാർക്കാണ് കെന്റകി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) വിളമ്പിയത്. കരീബിയനിൽ നിന്ന് യുകെയിലേക്കുള്ള ദീർഘദൂര വിമാന യാത്രക്കിടെയായിരുന്നു സംഭവം. 12 മണിക്കൂറായിരുന്നു യാത്രാ ദൈർഘ്യം.
ഇതോടെ 12 മണിക്കൂർ യാത്ര കെഎഫ്‌സി വിരുന്നായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനിടെ വൈറലായി. യാത്രക്കിടെ ഫ്ളൈറ്റിനുള്ളിലെ കാറ്ററിംഗ് സേവനത്തിൽ തകരാർ നേരിട്ടതോടെ അസാധാരണമായ മാർഗം സ്വീകരിക്കുകയായിരുന്നു ജീവനക്കാർ. ഫ്രിഡ്ജ് തകരാറിലായി ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കില്ലെന്നായതോടെ കെഎഫ്‌സി എന്ന ഓപ്ഷനായിരുന്നു അധികൃതർ തിരഞ്ഞെടുത്തത്. തുടർന്ന് വിമാനം ഇന്ധനം നിറയ്‌ക്കാൻ ലാൻഡ് ചെയ്തതിനിടെ എയർപോർട്ടിനുള്ളിലെ കെഎഫ്‌സി ഷോപ്പിൽ നിന്ന് ഡസൻ കണക്കിന് ‘ബക്കറ്റുകൾ’ വാങ്ങുകയായിരുന്നു.
എന്നാൽ സസ്യാഹാരികളായ പലർക്കും ഭക്ഷണം ലഭിച്ചില്ലെന്നും ചിലർക്ക് ഒരു പീസ് ചിക്കൻ മാത്രമാണ് കിട്ടിയതെന്നുമുള്ള പരാതികളും ഇതിനിടെ ഉയർന്നു. യാത്രക്കാരുടെ ഭക്ഷണകാര്യത്തിൽ വീഴ്ച വരുത്തിയതിന് ബ്രിട്ടീഷ് എയർവേയ്‌സിനെതിരെ നിരവധി പേർ വിമർശനവുമായി എത്തുകയും ചെയ്തു. അതേസമയം കാറ്ററിംഗ് സംവിധാനം പാളിയതിനെ തുടർന്നുണ്ടായ അസൗകര്യങ്ങളിൽ ഖേദിച്ച് എയർലൈൻ അധികൃതർ ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു
Comments