തൃശൂർ: മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ബൈക്ക് ഓടിക്കാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാത്ത സംഭവത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു പോലീസുകാരനും സസ്പെൻഷൻ. എസ്.ഐമാരായ അഫ്സൽ, പ്രദീപ് സി.പി.ഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതെ ബൈക്ക് മാത്രം കസ്റ്റഡിയിലെടുത്ത് യുവാവിനെ വിട്ടയച്ചുവെന്ന് കണ്ടെത്തിയതിനെ തുടന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
തൃശൂരിലെ ബാർ പരിസരത്ത് നിന്നായിരുന്നു യുവാവിന്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബോധമില്ലാതിരുന്നതിനാൽ ഇയാൾക്ക് ബൈക്കിൽ കയറാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇയാളെ ബാറിന് മുന്നിൽ നിർത്തി ബൈക്ക് മാത്രം പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസുകാർ പോയത്. എന്നാൽ യുവാവ് നേരെ ബാറിൽ കയറുകയും വീണ്ടും മദ്യപിക്കുകയുമായിരുന്നു.
തുടർന്ന് ബിൽ അടയ്‌ക്കുന്നത് സംബന്ധിച്ച് ബാറിൽ തർക്കമുണ്ടായി. ഇതിനിടെ ഇയാളുടെ പഴ്സ് നഷ്ടപ്പെടുകയും ചെയ്തു. ഒടുവിൽ ഒരു ഓട്ടോറിക്ഷ വിളിച്ചാണ് യുവാവ് വീട്ടിലെത്തിയത്. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തിരുന്നു. താൻ വാഹനമോടിച്ചില്ലെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നതോടെയാണ് സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കുന്നത്. പ്രാഥമിക ചട്ടങ്ങൾ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തത് എന്ന കാര്യം അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ സംഭവസമയത്ത് പട്രോളിംഗിനുണ്ടായിരുന്ന പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
Comments