മെല്‍ബണ്‍: മുന്‍ചാമ്പ്യന്മാരായ ജപ്പാനെ വീഴ്‌ത്തി സ്വീഡനും നെതര്‍ലാന്‍ഡിനെ വീഴ്‌ത്തി സ്‌പെയിനും വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. അടിയും തിരിച്ചടിയും തിരിച്ചുവരവും കണ്ട മത്സരങ്ങളായിരുന്നു രണ്ടും. തുല്യശക്തികള്‍ ഏറ്റമുട്ടിയ മത്സരങ്ങള്‍ പെണ്‍കരുത്തിന്റെ അടയാളങ്ങളായപ്പോള്‍ അക്ഷാരാര്‍ത്ഥത്തില്‍ ആരാധകരുടെ ആവേശവും വാനോളമുയര്‍ന്നു.
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. ഏഷ്യന്‍ ശക്തികളായ ജപ്പാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്കയെ അട്ടിമറിച്ചെത്തിയ സ്വീഡന്‍ പരാജയപ്പെടുത്തിയത്. സ്വീഡനുവേണ്ടി 32-ാം മിനിറ്റില്‍ അമന്‍ഡ ലെസ്റ്റെഡും 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫിലിപ്പ ഏയ്ഞ്ജല്‍ഡാലും ഗോളടിച്ചതോടെ ടീം 2-0 ന് മുന്നിലെത്തി. 87-ാം മിനിറ്റില്‍ ഹൊനോക്ക ഹയാഷി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ജപ്പാന് വിജയം സ്വന്തമാക്കാനായില്ല. ലോകകപ്പിലെ സ്വീഡന്റെ അഞ്ചാം സെമി ഫൈനല്‍ പ്രവേശനമാണിത്.
എക്സ്ട്രാ ടൈമിലായിരുന്നു സ്‌പെയിന്റെ വിജയം നിര്‍ണയിച്ചത്. നിശ്ചിത സമയത്ത് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാള്‍ഡെന്റെയ് സ്പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാഗ്റ്റിലൂടെ നെതര്‍ലന്‍ഡ്സ് തിരിച്ചടിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി.എന്നാല്‍ 111-ാം മിനിറ്റില്‍ സല്‍മ സെലസ്റ്റിയിലൂടെ സ്പെയിന്‍ വീണ്ടും ലീഡെടുത്തു.
മത്സരം 9 മിനിറ്റ് മാത്രം ശേഷിക്കേ സമനില നേടാനായി ടീം കിണഞ്ഞുശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം കുലുങ്ങിയില്ല. ഇതോടെ സ്പെയിന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. ഇതാദ്യമായാണ് സ്പെയിന്‍ വനിതാ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ജപ്പാന്‍ കൂടി പുറത്ത് ആയതോടെ ഈ ലോകകപ്പില്‍ പുതിയ ലോക ചാമ്പ്യന്‍ ഉണ്ടാവും എന്ന കാര്യം ഉറപ്പായി.
Comments