ഇടുക്കി: കട്ടപ്പനയിലെ ബസ് വെയിറ്റിംഗ് ഷെഡിൽ ആത്മഹത്യാശ്രമം നടത്തി യുവതി. സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വെയിറ്റിംഗ് ഷെഡിൽ എത്തിയത്. എന്നാൽ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തിൽ യുവതി ബസ് സ്റ്റാൻഡിൽവെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
കട്ടപ്പനയിലെ സെൻറ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടുകൂടെയാണ് സംഭവം നടന്നത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഭർത്താവിനൊപ്പം എറണാകുളത്ത് താമസിച്ചു വരികയായിരുന്നു യുവതി. ഇതിനിടയിലാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ യുവാവുമായി പരിചയത്തിലാകുന്നത്. ഇയാളെ കാണുന്നതിനുവേണ്ടിയാണ് എറണാകുളത്ത് നിന്നും കട്ടപ്പനയിലെത്തിയത്.
ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. സമയം വൈകിയതിനാൽ ബന്ധുക്കളും ഭർത്താവും കാര്യങ്ങൾ അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈ ഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Comments