ന്യൂഡൽഹി: ലോകം ഉറ്റുനോക്കുന്ന വേദിയായി ഡൽഹി മാറുന്നതിന് ഇനി മണിക്കൂറുകൾ മാത്രം. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിലെത്തി. ഉച്ചകോടിക്കായി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം പൂർണമായും ഒരുങ്ങി. ഉച്ചകോടിയ്ക്ക് പുറമെ പതിനഞ്ച് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയക്ഷി ചർച്ച നടത്തും.
ഇന്ന് വൈകിട്ട് ഡൽഹിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തും. ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി-ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, യുഎസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഭാരതം ഒഴിവാക്കിയിരുന്നു. കേന്ദ്ര ധനമന്ത്രാലയമാണ് ഉൽപ്പന്നങ്ങളുടെ തീരുവ എടുത്തുകളയുന്നതായി അറിയിച്ചത്.
ചെറുപയർ, പയർ, ആപ്പിൾ എന്നിവയുൾപ്പെടെ അര ഡസനോളം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന അധിക നികുതിയാണ് ഒഴിവാക്കിയത്. സ്റ്റീൽ, അലുമിനിയം അടക്കം ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാനുള്ള യുഎസിന്റെ തീരുമാനത്തിന് മറുപടിയായാണ് 2019-ൽ 28 അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഭാരതം അധിക നികുതി ഏർപ്പെടുത്തിയത്.
Comments