ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിച്ചതിനെ തുടർന്ന് കടുത്ത ജാഗ്രതാ നിർദ്ദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. രോഗ ലക്ഷണമുള്ളവരിൽ നിന്നും നിപ വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനായി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകം ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
നിപാ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിന് ശേഷമാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗബാധ ഉണ്ടായാലും രോഗ ലക്ഷണങ്ങൾ മനസിലാക്കാൻ ഇത്രയും ദിവസങ്ങൾ വേണ്ടി വരും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് നിപ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. നിപാ വൈറസ് ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നതായിരിക്കും.
ജാഗ്രതാ നിർദ്ദേശങ്ങൾ
1) കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
2) പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക
3) പക്ഷികളും, മൃഗങ്ങളും കടിച്ച വസ്തുക്കൾ പൂർണമായും ഒഴിവാക്കുക
4) സാമൂഹിക അകലം പാലിക്കുക
5) കെകൾ സോപ്പിട്ട് കഴുകുക
6) ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക
7) രോഗിയുമായി ഒരു മീറ്റർ ദൂരം പാലിക്കുക
്8) രോഗിയുമായി ഇടപഴകുമ്പോൾ പിപിഇ കിറ്റ് ഉപയോഗിക്കണം
9) എൻ-95 മാസ്‌കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
10) കിണറുകളിൽ വവ്വാലിന്റെ ശരീരസ്രവങ്ങൾ വീഴാതിരിക്കാൻ ശ്രദ്ധിക്കുക
Comments